ലണ്ടന്‍: മലയാളി നഴ്സിനെതിരെ വംശീയ അധിക്ഷേപം നടത്തിയ സംഭവത്തിൽ ഇംഗ്ലീഷുകാരിയായ നഴ്സിംഗ്ഹോം മാനേജരെ സർവീസിൽ നിന്ന് പുറത്താക്കി. യുകെയിലെ വാര്വിക്ഷെയറില് നടന്ന സംഭവത്തിൽ നഴ്സിംഗ്ഹോം മാനേജർ മിഷേല്‍ റോജേഴ്സിനെതിരെയാണ് നടപടിയെടുത്തത്.
നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സിലാണ് (എന്‍എംസി) നടപടി സ്വീകരിച്ചത്. ഇവര്‍ക്കു പിന് നമ്പരും നഷ്ടമായി. യുവതിക്കുവേണ്ടി അഭിഭാഷകന് ബൈജു തിട്ടാലയിലാണ് ഹാജരായത്. വീസ സ്പോണ്‍സര്‍ഷിപ് റദ്ദാക്കുമെന്ന് പറഞ്ഞ് യുവതിയെ ഇവർ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന്
എന്‍എംസി കണ്ടെത്തി.
തുടര്‍ച്ചയായി എട്ടു ദിവസം രാത്രി ജോലി ചെയ്യിപ്പിച്ചും ഇത് ഇംഗ്ലണ്ടാണ് ഇന്ത്യയല്ലയെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പരിഹസിച്ചിരുന്നതായും പാനല്‍ കണ്ടെത്തി. മറ്റൊരു സ്ഥാപനത്തില്‍ യുവതി ജോലിക്കു ശ്രമിച്ചതോടെ ഇവര്‍ക്കെതിരായി മോശം റഫറന്‍സ് നഴ്സിംഗ്ഹോം മാനേജർ നൽകിയതോടെ ഇവർക്ക് രാജ്യം വിടേണ്ട സാഹചര്യമുണ്ടായി.
പിന്നീട് യുവതി അഭിഭാഷകന് ബൈജു തിട്ടാലയെ സമീപിക്കുകയായിരുന്നു. തുടർന്ന് എന്‍എംസി വിചാരണയില്‍ യുവതി നിരപരാധിയാണെന്നു കണ്ടെത്തുകയായിരുന്നു. എന്‍എംസി മിഷേലിനെതിരെ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കുകയായിരുന്നു.